ഈ കൊച്ചുകൂട്ടായ്മയ്ക്ക് "മൈത്രി" എന്നൊരു പേരിട്ടയാള്‍ക്ക്

Anuroop Sunny

എന്താണ് മൈത്രിയുടെ ഓണത്തെ ഇത്ര സുന്ദരമാക്കിയത്? വെറും പെയിന്‍റ് സോഫ്റ്റ് വേറില്‍ പ്രൊഫഷണലായി തീര്‍ത്ത വായിക്കാന്‍ ഓക്സ്ഫോഡ് ഡിക്ഷ്ണറി വേണ്ട പോസ്റ്ററോ? DSSW - ന്‍റെ മുമ്പില്‍ രാത്രിയില്‍ ഒടിഞ്ഞുപോകാറായൊരു ഏണിയില്‍ വലിഞ്ഞുകേറി കെട്ടിയ ബഹുവര്‍ണ ഫ്ലക്സോ? പ്രവേശനവാതിലിനുമുമ്പില്‍ അമൂര്‍ത്ത സൗന്ദര്യത്തെ മുഴുക്കെ പ്രദര്‍ശിപ്പിച്ച് നിന്ന ഫൈനാര്‍ട്സുകാരുടെ ആയിരങ്ങള്‍ വിലമതിക്കുന്ന പെയിന്‍റിങ്ങുകളോ? ചിട്ടയോടെ, താളത്തോടെ അവതരിപ്പിക്കപ്പെട്ട കോല്‍ക്കളിയോ? മൈത്രിയുടെ ഈണം പകര്‍ന്ന സംഗീത, നൃത്ത ശില്പങ്ങളോ? പതിനെട്ടുകൂട്ടം കറികള്‍ കേലാ കാ പത്തയില്‍ വിളമ്പിയപ്പോള്‍ ഹിന്ദിക്കാരന്‍ കൂട്ടുകാരന്‍റെ കണ്ണിലുണ്ടായ കൗതുകമോ? വരാന്തയില്‍ ചമ്രം പടിഞ്ഞിരുന്ന് അകത്താക്കിയ നാട്ടിലെ ഉരുണ്ട ചുവന്ന ചോറിന്‍റെ ഒടുക്കത്തെ ടേസ്റ്റോ? ഒരു കസേരയ്ക്കും സുന്ദരിക്കുള്ള പൊട്ടിനുമായി വട്ടംകറങ്ങി മടുത്തതോ? അതോ പൂമുഖത്ത് അനാറ് പൊടിച്ച് ചോരച്ചുവപ്പില്‍ എഴുതിവെച്ച 'അ' എന്ന മലയാള അക്ഷരമോ?എന്താണ് നമ്മുടെ ഓണത്തെ ഇത്ര സുന്ദരമാക്കിയത്?


2005 ല്‍ ഒരു സന്ധ്യയില്‍ ബുദ്ധവാടികയില്‍ ഓണാഘോഷം ആലോചിക്കാന്‍ ഒത്തുകൂടിയ സംഘമാണ് മൈത്രി. ഓണത്തിനായി തുടക്കമിട്ട കൂട്ടായ്മയാണ് മൈത്രി എന്ന ഒരൊറ്റകാര്യത്തില്‍തന്നെ മൈത്രിയുടെ ലക്ഷ്യവും പ്രവര്‍ത്തനവും മാര്‍ഗവും ഒക്കെ അടങ്ങിയിട്ടുണ്ട്. ഓണമെന്ന പോലെ, ഒരുമയുടെ, ഐക്യത്തിന്‍റെ, വിട്ടുവീഴ്ചകളുടെ, മതേതരത്വത്തിന്‍റെ, ആഘോഷമാണ് നമ്മുടെ മൈത്രിയും. ആറു കൊല്ലത്തിനിപ്പുറം  മറ്റൊരു സന്ധ്യയില്‍ ഓണമാഘോഷിക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ മൈത്രി വീണ്ടും ഒരുമിച്ചുകൂടി.


പിന്നീടങ്ങ് ഓട്ടമായിരുന്നു. ഗസ്റ്റിനെ കണ്ടെത്താന്‍, ഫണ്ട് റെയിസ് ചെയ്യാന്‍, സ്പോണ്‍സറെ കണ്ടെത്താന്‍, കലാപരിപാടികള്‍ തട്ടിക്കൂട്ടാന്‍, വേദി കണ്ടെത്താന്‍, പബ്ലിസിറ്റി ചെയ്യാന്‍, ചിതറിപാര്‍ക്കുന്ന മലയാളികളെ കണ്ടുമുട്ടാന്‍, അവരെ ഓണത്തിന് വിളിക്കാന്‍, സര്‍വോപരി വൈവിധ്യമാര്‍ന്ന ദില്ലിയുടെ സംസ്കാരത്തിലേക്ക്, ഹിന്ദിക്കാരായ കൂട്ടുകാര്‍ക്ക്, മലയാളത്തിന്‍റെ തനിമയും നന്മയും ഒരുമയും ഓണത്തിലൂടെ ദൃശ്യവല്കരിക്കാന്‍. അങ്ങനെ പരിപ്പും പപ്പടവും പായസവും പ്രഥമനും വാഴയിലയില്‍ വിളമ്പി, തിരുവാതിരകളിയും കോല്‍ക്കളിയും കളിച്ച് ഇന്ത്യയുടെ ഒരുകോണില്‍ ഒതുങ്ങിക്കഴിയുന്ന മലയാളത്തിന്‍റെ മണവും രുചിയും  കാഴ്ചയും സമ്പദ്സമൃദമായ ദില്ലി സര്‍ വകലാശാലയുടെ സംസ്കാരത്തോട് മൈത്രി കൂട്ടിച്ചേര്‍ത്തു. ഒരു പൂക്കളം പൂര്‍ത്തിയാകും പോലെ.


ആത്മാര്‍ത്ഥതയുടേയും കൂട്ടായ്മയുടേയും സൗന്ദര്യമായിരുന്നു മൈത്രിയുടെ ഓണം. ഒപ്പം പലരുടേയും നഷ്ടമായ ക്ലാസുകളുടേയും ഉറക്കമളച്ച രാത്രികളുടേയും വിലയും. പരിപാടിക്ക് മുമ്പുള്ള ദിവസങ്ങളില്‍, ഒരു ഒഴിവുകഴിവുമില്ലാതെ, ഒരു പരാതിയുമില്ലാതെ, എന്തിനുവേണ്ടി സമയവും ആരോഗ്യവും കളയുന്നതെന്ന് ഒരു വട്ടം പോലും ചിന്തിക്കാതെ  മൈത്രിയുടെ ഓണത്തിനായി ഓടിനടന്ന സംഘാടകരുടേയും കലാകാരികളുടേയും കലാകാരന്മാരുടേയും  ആത്മാര്‍ത്ഥതയുടേയും കൂട്ടായ്മയുടേയും ഫലമാണ്‌ മൈത്രി ഓണം 2011.


എന്തിന് മൈത്രി? എന്തിന് ഓണം എന്നൊന്നും ആരും അപ്പോള്‍ ചോദിച്ചില്ല. ഓണത്തിനായി ക്ലാസും മറ്റ് ഉത്തരവാദിത്വങ്ങളും മാറ്റിവെച്ചവരും അത് ചോദിച്ചിട്ടില്ല. എങ്കിലും അതിന് ഉത്തരം കണ്ടെത്താനാകുന്നുണ്ട്. അത് സപ്റ്റംബറിലെ അവസാന ഞായറാഴ്ച്ച പകല്‍ DSSW വില്‍ ഒത്തുകൂടിയ മലയാളികളും ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുമാണ്. ഒരു സംസ്കാരത്തെ, അതിന്‍റെ കലയെ, രുചിയെ, സൃഷ്ടിപരതയെ ഒരു വലിയ സമൂഹത്തിന് വെളിപ്പെടുത്തിക്കൊടുക്കാന്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ നമുക്കായി. നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്നൊരു നന്മയുടെ സ്വാദിനെ പങ്കുവെച്ചുണ്ണാന്‍ ഒരു വാഴയിലയുടെ അരിക് കണ്ടെത്തുകയായിരുന്നു മൈത്രിയുടെ ഓണം.


ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി നമ്മള്‍നടത്തിയ ഈ പുണ്യ പ്രവര്‍ത്തിക്കുമപ്പുറം ഒരുപാട് കണ്ടെത്തലുകളുടേയും തിരിച്ചറിവുകളുടേയും കൂടിയായിരുന്നു ഈ ഓണം. അതുകൊണ്ടാണ്‌ ഗ്വയര്‍ ഹാളിലെ 23 നമ്പര്‍ മുറിയിലിരുന്നൊരാള്‍ തന്‍റെ ശബ്ദത്തിന്‍റെ സംഗീതത്തെ തിരിച്ചറിയുന്നത്.  ഗാന്ധിയാശ്രമം ഹോസ്റ്റലില്‍ വച്ച് മനസുവെച്ചാല്‍ തനിക്കും ഡാന്‍സ് കളിക്കാമെന്ന് ഒരാള്‍ക്ക് മനസിലാകുന്നത്. മായാജാലക്കാരന് താന്‍ വര്‍ഷങ്ങളായി പഠിച്ചെടുത്ത കഴിവിനെ അവതരിപ്പിക്കാന്‍ ഒരു വേദിയില്‍ അവസരമൊരുങ്ങുന്നത്. നാട്ടില്‍ കലോത്സവങ്ങളില്‍ മികച്ചുനിന്ന കൂട്ടുകാര്‍ക്ക് ദില്ലിയിലും ഒരു തുടര്‍ച്ച കിട്ടുന്നത്‌. ഒരുമിച്ചുള്ള ചിന്തയില്‍, സര്‍ഗസൃഷ്ടികളില്‍, കലയില്‍ എല്ലാവരും സ്വയം വിട്ടുകൊടുത്ത് കയ്യടി നേടുന്നു. സ്വന്തം ഭാഷയില്‍, അതിന്‍റെ നന്മപേറി നാമോരോരുത്തരും അണിനിരന്നപ്പോള്‍ മതമില്ല, ദേശമില്ല, ബുദ്ധിജീവി പരിവേഷങ്ങളില്ല, എന്തിന് 'ഞാന്‍' പോലുമില്ല. 'നമ്മള്‍' എന്ന വികാരം മാത്രം, ഓണം മാത്രം.


പരിപാടിക്കൊടുവില്‍ സഫീറിക്കയെടുത്ത ഫോട്ടോയിലേക്ക് നോക്കുക. വല്ലാത്തൊരു സൗന്ദര്യം തോനുന്നുണ്ടതിന്. മനം നിറയുന്ന സന്തോഷവും. ക്ലാസ് കട്ട് ചെയ്ത് അയോഗ്യത പേടിച്ച് കഴിയുന്നവരുണ്ടതില്‍, രാത്രി മൂന്നുമണിവരെ പൂപിച്ചി ഏഴുമണിക്ക് പൂവിടാന്‍ ഓഡിറ്റോറിയത്തില്‍ ഉറക്കമൊഴിച്ച കണ്ണുമായെത്തിയവരുണ്ടതില്‍. കലാപരിപാടികള്‍ തട്ടിക്കൂട്ടാന്‍ (തട്ടിക്കൂട്ടായിരുന്നെന്ന് പരിപാടി കണ്ട ആരും പറയില്ല) ഓടിനടന്ന് പനി പിടിച്ചവരുണ്ടതില്‍. മൂന്നു പകല്‍ കോല്‍ക്കളിയുടെ കോലിനും കലാപരിപാടികളുടെ വേഷവിധാനങ്ങള്‍ക്കുമായി ദില്ലി നഗരം ചുറ്റിയവരുണ്ടതില്‍. കോളേജിലെ ആദ്യ ഫെസ്റ്റ് കളഞ്ഞുകുളിച്ചവരുണ്ടതില്‍. തിങ്കളാഴ്ച്ച എക്സാമെഴുതേണ്ട, അസൈന്മെന്‍റ് വെയ്ക്കേണ്ട പലരുണ്ടതില്‍. പൈസ ഉണ്ടാക്കാന്‍ ഇരന്നവരും തെറികേട്ടവരും ഉണ്ട്. ഓണത്തിന് വേണ്ടി എല്ലാം മറന്നവരാണെല്ലാവരും. എന്തായിരുന്നു ഈ ആത്മാര്‍ത്ഥതയ്ക്കൊക്കെ പിന്നില്‍? ഈ ത്യാഗത്തിന് പിന്നില്‍? എല്ലാവരുടേയും നെഞ്ചിന്‍റെയുള്ളില്‍ അവരറിയാതെ പേറുന്ന മലയാളം എന്ന നന്മ മാത്രം. അതിന്‍റെ ഒരുമയുടെ ചരട് നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്നു. നമ്മളെ ദില്ലിയുടെ വൈവിധ്യവുമായും. 2005 ല്‍ ഈ കൊച്ചുകൂട്ടായ്മയ്ക്ക് "മൈത്രി" എന്നൊരു പേരിട്ടയാള്‍ക്ക് സാദരം.