ഒരുപാടു മുഖങ്ങളില്‍ ഒരുമിച്ച് ഒരുച്ച നേരത്ത്!!

Salt 'N Pepper എന്ന മലയാള ചിത്രത്തില്‍ ഒരു പെണ്ണ്കാണല്‍ രംഗമുണ്ട്. നായകകഥാപാത്രം പെണ്ണുകാണല്‍ ചടങ്ങിനിടെ ഉണ്ണിയപ്പത്തിന്റെ രുചിയില്‍ സ്വയം നഷ്ടപ്പെട്ടു, കണ്ണുകളടച്ചു ഇരിക്കുന്ന ആ രംഗത്തില്‍ എല്ലാമുണ്ട്.അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന വെളിച്ചം മാത്രം മതി ആ രംഗത്തെ വിശദീകരിക്കുവാന്‍..പ്രസ്തു
ത ചിത്രം കാണുന്നതിനും മുന്പ് ഞാന്‍ ആ ഭാവം കണ്ടിട്ടുണ്ട്; ഒന്നല്ല,ഒരുപാടു മുഖങ്ങളില്‍ ഒരുമിച്ച് ഒരുച്ച നേരത്ത്!!മൈത്രിയുടെ ഓണസദ്യയാണ്‌ രംഗം.മലയാളവും പൂവിളിയുടെ ആരവങ്ങളും അന്തരീക്ഷത്തിലാകെ നിറഞ്ഞു നിന്ന ഒരു ദിവസം.ഉച്ചയോടെ ഓണസദ്യ..പതിനെട്ടുകൂട്ടം കറികളും,കുത്തിയരിചോറും,പായസങ്ങളും..ചമ്രംപടിഞ്ഞു നിലത്തിരിക്കുന്നതിന്റെ അസൗകര്യം മറന്ന്, മടിച്ചുനില്ക്കാതെ കൈ കൊണ്ട് സദ്യ കഴിക്കാന്‍ മലയാളികള്‍ അല്ലാത്തവര്‍ കാണിച്ച ആവേശം അതിശയിപ്പിച്ചു. ഗ്ലാസ്സിനു പകരം ഇലയിലേക്ക് പായസം വിളമ്പാന്‍ ആവശ്യപ്പെടുകകൂടിയുണ്ടായി, ബംഗാളിയായ എന്‍റെ അധ്യാപകന്‍ രുദ്രഷിഷ് ചക്രവര്‍ത്തി സാര്‍ .അദ്ദേഹം കുടുംബ സമേതമെത്തി, ആഘോഷത്തില്‍ പങ്കെടുക്കാന്‍. സദ്യ കഴിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു..ഉണ്ണീ, സംഗതി ബഹുകേമം എന്ന് പറയുന്നതിന് പകരം അദ്ദേഹം എന്നെ കെട്ടിപിടിച്ചു. I am in heaven' - അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു.

കലാവിരുന്നു ആസ്വദിക്കുകയും സദ്യ കഴിക്കുകയും ചെയ്ത എല്ലാവരുടെ കണ്ണിലും പലപ്പോഴായി ഞാന്‍ ഈ തിളക്കം കണ്ടു.ചുണ്ടുകളില്‍ പുഞ്ചിരി കണ്ടു.ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ കണ്ണില്‍ ആദ്യം കൌതുകം .പിന്നെ അത് ആവേശമായി.അവര്‍ എല്ലാം മറന്ന് ഉണ്ണുന്നത് കണ്ടപ്പോള്‍ നമ്മുടെ വയറും നിറഞ്ഞു. നിറഞ്ഞ മനസോടെ.,നിരചിരിയോടെയാണ് വന്നവര്‍ ഓരോരുത്തരും മടങ്ങിയത് ..ഇതിനെക്കാള്‍ കൂടുതല്‍ ഒന്നും നമ്മളും പ്രതീക്ഷിച്ചിട്ടില്ല . .

ഓണാഘോഷം ഒരുപാട് പേരുടെ കൈമെയ് മറന്നുള്ള അധ്വാനത്തിന്റെ ഫലം ആണ്.ഒരുക്കങ്ങളുടെ വേളയില്‍ വന്ന വ്യക്തിപരമായ നഷ്ടങ്ങളുടെ കണക്കെടുപ്പുകളെ എല്ലാം അപ്രസക്തമാക്കാന്‍ പോന്നതാകുന്നു ഓണാഘോഷം പകര്‍ന്നുനല്‍കിയ ഈ ആഹ്ലാദം.കൂട്ടായ്മയുടെ ആഘോഷമാണ് മൈത്രി എന്ന സംഘടന തന്നെ. ഓണമാകട്ടെ, ഐക്യത്തിന്റെയും,സ്നേഹത്തിന
്റെയും സന്ദേശവും പേറിയാണ്
വരുന്നത് .'മൈത്രി', 'ഓണം' എന്നീ രണ്ടു പദങ്ങള്‍ പരസ്പര പൂരകങ്ങള്‍ അല്ലേയല്ല ..പര്യായങ്ങള്‍ ആണ് .

എന്താണ് മൈത്രിയുടെ ഓണത്തെ ഇത്ര സുന്ദരമാക്കിയത്? - പ്രസക്തമായ ചോദ്യം.എനിക്ക് തോന്നുന്നു, ഏതെങ്കിലും ഒരു ഘടകം അല്ല..എല്ലാം ചേര്‍ന്നപ്പോള്‍ നമുക്കെല്ലാവര്‍ക്കും അതൊരു സ്വപ്നത്തിന്റെ സാഫല്യം.

ഈ ഓണം ബാക്കിയാക്കുന്ന ഓര്‍മ്മകള്‍ എന്തൊക്കെ..കൂട്ടായ പ്രവര്‍ത്തനം ..അണ്ണന്റെ കഫേയിലെ സ്റ്റീല്‍ ഗ്ലാസിലെ ചായ ..തലേന്ന് രാത്രി പൂക്കളത്തിനു പൂവ് വാങ്ങാന്‍ പോയപ്പോള്‍ പൂക്കടയില്‍ കണ്ട മുല്ലപ്പൂ വസന്തം..വേദിയില്‍ നിറഞ്ഞാടിയ നര്‍ത്തകീ നര്‍ത്തകന്മാര്‍..പൂക്കളത്തിനു നടുവില്‍ ചോര ചോപ്പില്‍ കുറിച്ച 'അമ്മ' എന്നെഴുതാന്‍ പഠിപ്പിച്ച സ്നേഹാക്ഷരം..

പിന്നെ, സൗഹൃദത്തിന്റെ ചില സായാഹ്നങ്ങള്‍..അതു മാത്രം മതി, ഇനിയെഴുതുന്ന കവിതകള്‍ കാടുപിടിക്കാന്‍ ..........

ഉണ്ണികൃഷ്ണദാസ്