വായനാപ്പുര

Visit Vaayanapura's Catalogue (updated on 7th March 2012)


നാട്ടിലെ വായനാശാലകള്‍ അറിവ് മാത്രം സംഭരിച്ചുവെച്ചിരുന്ന പത്തായപ്പുരകളായിരുന്നില്ല. മറിച്ച് വിശാലമായ ലോകത്തേക്ക് തുറന്നുവെച്ച ജാലകങ്ങളുള്ള, വ്യത്യസ്തതകളെ സ്വീകരിക്കാന്‍ മാത്രം വിസ്തൃതമായ വാതായനങ്ങളുള്ള, ആശയങ്ങള്‍ പങ്കുവെച്ചുണ്ണുന്ന ഊണുമുറിയുള്ള കൊച്ചുവീടായിരുന്നു. കേരളസംസ്കാരമെന്ന പൂന്തോട്ടം വളര്‍ന്നുവന്നത് ആ വീടിന്‍റെ പൂമുഖത്താണ്‌. കവിയും കലാകാരനും രൂപപ്പെട്ടുവന്നത് അതിന്‍റെ പണിപ്പുരയിലും. വിപ്ലവങ്ങളും വായനാശാലയുടെ അടുക്കളയില്‍ പാകം ചെയ്യപ്പെട്ടതുതന്നെ. ആ കൊച്ചുവീട്ടില്‍ കടന്നുവന്നവരൊക്കെ ആ വീട്ടിലെ അംഗങ്ങളായി.ഒരു കുടുംബം പോലെ, സഹോദരങ്ങളെ പോലെ. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം ഭാഷയും സൗന്ദര്യവുമെന്ന രക്തബന്ധത്തില്‍ ആ സഹോദരബന്ധം വളര്‍ന്നു. നാട്ടില്‍ സൗഹാര്‍ദ്ദവും സാഹോദര്യവും സമത്വവും സാംസ്കാരികോന്നതിയും ശക്തിപ്പെട്ടതിനു പിന്നില്‍ സ്നേഹം പങ്കുവെയ്ക്കപ്പെട്ട ഗ്രന്ഥശാലകളും അതിന്‍റെ പ്രവര്‍ത്തനങ്ങളുമായിരുന്നു.


ഇന്നിതാ, ഇവിടെ ദില്ലിയിലും ഒരു കൊച്ചുവീട് നിര്‍മ്മിക്കപ്പെടുന്നു. നാട്ടിലെ വായനാശാലകള്‍ കണക്കെ ഒരു കൊച്ചു "വായനാപ്പുര." പരിമിതികള്‍ മൂലം കരിങ്കല്ലില്‍ തറ കെട്ടാനോ ഇഷ്ടികയില്‍ ചുമരുയര്‍ത്താനോ കോണ്‍ക്രീറ്റില്‍ മേല്‍ക്കൂര തീര്‍ക്കാനോ മൈത്രിയുടെ വായനാപ്പുരയ്ക്കാവില്ല. പകരം നമ്മള്‍ കൂട്ടായ്മയില്‍ തറകെട്ടുന്നു, സൗഹൃദത്തില്‍ ചുമരുയര്‍ത്തുന്നു, കരുതലലില്‍ മേല്‍ക്കൂര തീര്‍ക്കുന്നു. ദില്ലി സര്‍വകലാശാല മലയാളി വിദ്യാര്‍ത്ഥികള്‍, മൈത്രി വ്യത്യസ്തമായൊരു വായനാപ്പുര പണിയുന്നു. നമ്മളൊരുമിച്ച് പണിതുയര്‍ത്തുന്നു..
നമ്മുടെ പുസ്തകങ്ങള്‍ കൈമാറുന്നതില്‍ പങ്കുവെയ്പ്പുണ്ട് . എല്ലാവരും പങ്കുവച്ചത് ചേര്‍ത്തുവയ്ക്കുമ്പോള്‍ അതിന് ഒരുമയുടെ സൗന്ദര്യമുണ്ട്. ആരുടേയും സ്വന്തമല്ലാത്ത, എന്നാല്‍ നമ്മുടേത് മാത്രമായ പുസ്തകങ്ങളുടെ പട്ടികയില്‍ കൂട്ടായ്മയുടെ സന്ദേശമുണ്ട്. കൂട്ടുകാര്‍ക്ക് പുസ്തകം കൈമാറുമ്പോഴും തിരിച്ചുവാങ്ങുമ്പോഴും രണ്ടുതവണ സാഹിത്യം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്, സൗഹൃദം വളരുന്നുണ്ട്. പുസ്തകം വൃത്തിയായി സൂക്ഷിക്കുന്നതില്‍ അതിന്‍റെ ഉടമയോടുള്ള കരുതലുണ്ട്. വായനാപ്പുരയിലൂടെ നാമൊരു കുടുംബമാകുന്നു..


കൂടുതല്‍ വിശദമാക്കിയാല്‍..


മൈത്രിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന ആശയമാണ് വായനാപ്പുരയായി വളരുന്നത്. നിശ്ചിതമായ പുസ്തകശേഖരണകേന്ദ്രമില്ലാത്ത വായനാശാലയാണ്‌ വായനാപ്പുര. പുസ്തകങ്ങള്‍ ഓരോ വ്യക്തിയുടേയും സ്വകാര്യ ശേഖരത്തിലായിരിക്കും. നൂറ്‌ അംഗങ്ങള്‍ വായനാപ്പുരയിലുണ്ടെങ്കില്‍ നൂറ് ഇടങ്ങളിലായാണ് ഈ വായനാശാല പ്രവര്‍ത്തിക്കുന്നത് എന്നര്‍ത്ഥം.


വായനാപ്പുരയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വായനാപ്പുര കാര്യസ്ഥനായിരിക്കും. പങ്കുവയ്ക്കാന്‍ സന്നദ്ധമായിട്ടുള്ള പുസ്തകങ്ങളുടെ വിവരം മൈത്രി അംഗങ്ങളില്‍ നിന്ന് ശേഖരിക്കുന്നു. വിവരങ്ങള്‍ ചിട്ടപ്പെടുത്തി വായനാപ്പുരയില്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളുടെ പട്ടിക തയാറാക്കുന്നു. ഇത് മൈത്രിയുടെ ബ്ലോഗിലെ വായനാപ്പുര പേജില്‍ പ്രസിദ്ധപ്പെടുത്തുകയും അംഗങ്ങളെ ഇ-മെയില്‍ മുഖാന്തരം അറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പുസ്തകങ്ങള്‍ ആരുടെ കൈവശമാണെന്ന വിവരം ഈ പട്ടികയിലുണ്ടാവില്ല. ആവശ്യമായ പുസ്തകം ആരുടെ അടുത്താണെന്നറിയാന്‍ വായനപ്പുര കാര്യസ്ഥനെ ഫോണ്‍ വഴിയോ ഇ-മെയില്‍ വഴിയോ നേരിട്ടോ ബന്ധപ്പെടാം. തുടര്‍ന്ന് പുസ്തകത്തിന്‍റെ ഉടമസ്ഥനെ ബന്ധപ്പെട്ട് പുസ്തകം കൈപ്പറ്റാം. നിശ്ചിതകാലാവധിക്കുള്ളില്‍ കേടുപാടുകള്‍ കൂടാതെ പുസ്തകം ഉടമസ്ഥനെ തിരിച്ചേല്പ്പിക്കുകയും വേണം. ഇത്തരത്തിലാണ് വായനാപ്പുര പ്രവര്‍ത്തിക്കുക.




നിബന്ധനകള്‍


* വായനാപ്പുരയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തീരുമാനങ്ങള്‍ വായനാപ്പുര കാര്യസ്ഥന്‍റേതായിരിക്കും.
* പുസ്തകങ്ങള്‍ തിരിച്ചുകിട്ടേണ്ട കാലാവധി നിശ്ചയിക്കുന്നത് പുസ്തകത്തിന്‍റെ ഉടമസ്ഥനായിരിക്കും. നിശ്ചിതകാലാവധിക്കുള്ളിലോ അതുപോലെ ഉടമസ്ഥന്‍ അടിയന്തരമായി ആവശ്യപ്പെടുന്ന പക്ഷമോ പുസ്തകം തിരികെ നല്‍കാന്‍ വാങ്ങിയ വ്യക്തി ബാധ്യസ്ഥനാണ്‌.
*പുസ്തകകൈമാറ്റം നടന്നാലുടന്‍ തന്നെ പുസ്തകം കൈപറ്റിയ വ്യക്തി വായനാപ്പുര കാര്യസ്ഥനെ അറിയിക്കേണ്ടതാണ്‌.
* ഒരാള്‍ക്ക് കൈമാറിയ പുസ്തകം ഉടമസ്ഥന്‍റേയും വായനാപ്പുര കാര്യസ്ഥന്‍റേയും അറിവോടുകൂടിയല്ലാതെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല.
* ഏതെങ്കിലും കാരണവശാല്‍ പുസ്തകം നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അത് കാര്യസ്ഥനെ അറിയിക്കുകയും ഉടമസ്ഥന്‍ ആവശ്യപ്പെടുന്ന ന്യായമായ നഷ്ടപരിഹാരം നല്‍കുകയും വേണം.
നമുക്കൊരുമിച്ച് വായനാപ്പുര പണിതുയര്‍ത്താം...
കരുതലില്‍..സൗഹൃദത്തില്‍...കൂട്ടായ്മയില്‍....












വായനപ്പുര കാര്യസ്ഥന്‍ അരുണ്‍ ആയിരിക്കും. ബന്ധപ്പെടുവാന്‍ :

9540838714,

maithry.du@gmail.com

വായനപ്പുരയിലെ പുസ്തകങ്ങളുടെ പട്ടികയടങ്ങിയ ബ്ലോഗ് ഈ പേജിന് അനുബന്ധമായി അപ്ഡേറ്റ് ചെയ്യുന്നതാണ്‌. അതില്‍ നിങ്ങള്‍ക്ക് കമന്റ് വഴിയും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.





Visit Vayanappura's New Catalogue- December